2014, നവംബർ 23, ഞായറാഴ്‌ച

കിനാക്കിളികള്‍ കൂടുകൂട്ടിയ കരിമ്പന

 ( പത്താം ക്ലാസ് കഴിഞ്ഞ ഉടനെ എഴുതിയതും, ആദ്യമായി അച്ചടി മഷി പുരണ്ടതുമായ എന്റെ കഥ )
---------------------------------------------------------------
കാലപഴക്കത്തിന്‍റെ കാളിമയില്‍ പിഞ്ഞിത്തുടങ്ങി കരിമ്പനയുടെ ഉയരങ്ങളില്‍ തൂങ്ങികിടക്കുന്ന കൂരിയാറ്റ കൂടുകളില്‍ നിന്നും കിനാക്കിളികളുടെ നേര്‍ത്ത രോദനം. താഴെ പാടവരമ്പിലൂടെ ചെരക്കാ പറമ്പില്‍ നിന്നും വിരുന്നെത്തിയ പഴുത്ത തെച്ചി പഴങ്ങളുടെ മണമുള്ള നേര്‍ത്തു പുളിക്കുന്ന കാറ്റ് തഴുകി കടന്നു പോയപ്പോള്‍ , മുന്നില്‍ കുടുക്കില്ലാത്ത കൊച്ചു നിക്കറിനുള്ളില്‍ കുളിര് നിറഞ്ഞു.
കലക്കവെള്ളത്തില്‍ നിന്നും ചെട്ടി മുണ്ടു കൊണ്ട് വെളുംമ്പാട്ടി പരലുകളെയും തുപ്പലം കൊത്തികളെയും കോരുന്ന കോമു കാക്കാന്‍റെ മകന്‍ മന്തം ബഷീറിനെയും കൂട്ടുകാരനെയും ശ്രദ്ധിക്കാനേ പോയില്ല.കൈതമുള്ളിന്‍റെ കാഠിന്യമറിയാതെ മുളമ്പാലത്തിലൂടെ കൈവരികളില്‍
പിടിച്ച് അങ്ങേ കരയിലേക്കു കാലുകുത്തുമ്പോള്‍ തൊട്ടു മുന്നില്‍ കുന്തിച്ചിരിക്കുന്ന രൂപത്തെ കണ്ട് ആദ്യമൊന്നു ഭയന്നു. മൂത്രശങ്ക തീര്‍ക്കുന്ന കുല്‍സുമ്പിത്തയാണതെന്നറിഞ്ഞപ്പോള്‍ ഞാന്‍ നാണത്തോടെ ഓടുകയായിരുന്നു. വഴുക്കലുള്ള പാടവരമ്പിലൂടെ വീഴാതെ ഓടിയടുക്കുംതോറും
റാകിപറക്കുന്ന ചെമ്പരന്തും തറ പറയും വ്യക്തമായും കേട്ടു തുടങ്ങി. ക്ലാസ് തുടങ്ങിയ വേവലാതിയോടെ അക്കരെ പുറത്തെ സ്കൂളിന്‍റെ പടി വാതില്‍ കടന്നിട്ടും പണിയാത്തിപെണ്ണുങ്ങളുടെ തോറ്റം പാട്ടിന്‍റെ ഈണത്തില്‍ മുങ്ങി എന്തോ സംതൃപ്തിയോടെ മുള്ളുന്ന കുല്‍സുമ്പിത്തയായിരുന്നു
മനം നിറയെ. എന്നെ കണ്ടപ്പോള്‍ ആ കടക്കണ്ണില്‍ ഒരു മാത്ര വിരിഞ്ഞിറങ്ങിയ വെറ്റില ച്ചിരിയും.
ചീനായി തുണിയുടുത്തു തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഏതാനും മൊട്ടകുട്ടികളും മാലതി ടീച്ചറും ഗുണഗണന പട്ടികയില്‍ തൂങ്ങിയാടുമ്പോഴും എന്‍റെ ബാല മനസ്സ് ചഞ്ചലമായിരുന്നു. '' കുട്ടിക്കെന്താ പറ്റ്യേ..? മാലതി ടീച്ചര്‍ വേദനിപ്പിക്കാതെ ചെവിയില്‍ നുള്ളിയപ്പോള്‍ ആ വാത്സല്യത്തിന്‍റെ ആഴത്തില്‍ എന്‍റെ മനസ്സു നനഞ്ഞു.
ചെരക്കാ പറമ്പിന്‍റെ തീരത്തെ പാടങ്ങള്‍ പലവട്ടം കൊയ്യുകയും മെതിക്കുകയും ചെയ്തു. കാലങ്ങളങ്ങിനെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അക്കരപുറത്തേക്കുള്ള ദിവസേനയുള്ള സ്കൂള്‍ യാത്രയില്‍ മുളമ്പാലം കടക്കുമ്പോള്‍ കുല്‍സുമ്പിത്ത പലവട്ടം കെണിയൊരുക്കി. അന്നേ ദിവസങ്ങളിലെല്ലാം
ക്ലാസു മുറിയില്‍ അന്തം വിട്ടിരിക്കുന്ന എന്നെ മാലതി ടീച്ചര്‍ നീണ്ടു മെലിഞ്ഞ വിരലുകള്‍ കൊണ്ട് ചെവിയില്‍ തടവിയുണര്‍ത്തി. തഴുകി വരുന്ന നേര്‍ത്ത തെച്ചി പൂങ്കാറ്റിനു താളമേകികൊണ്ട്.
അന്ന് , പ്രാര്‍ഥനാ ഗീതം കഴിഞ്ഞു ക്ലാസു തുടങ്ങിയതും സായാഹ്നം പോലെ മാനമിരുണ്ടു. ആദ്യത്തെ വെള്ളിടിയുടെ നാദത്തില്‍ മാലതി ടീച്ചറുടെ ഹാജര്‍ പട്ടിക കയ്യിലിരുന്നു വിറച്ചു. ചുവന്ന അരഞ്ഞാണിനിടയിലേക്ക് തുണിയുടെ കോന്തല മുറുക്കി തിരുകുമ്പോള്‍ വീണ്ടും കേട്ട ഇടിയുടെ ഘോര നാദത്തില്‍ സുവര്‍ണ്ണ കരയുള്ള എന്‍റെ തുണിയുരിഞ്ഞു വീണത്‌ കണ്ട് കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
പിന്നെ പെയ്ത മഴയില്‍ കടപുഴകിയ കൈത കാടുകള്‍ ഒഴുകി വന്ന് മുളമ്പാലത്തില്‍ അല്‍പ്പ നേരം തടഞ്ഞു നിന്ന് ഒന്ന് മുങ്ങി പൊങ്ങിയ ശേഷം പാലവും തകര്‍ത്ത് ഒഴുകി നീങ്ങി. കൂടെ ഒരായിരം കര്‍ഷക സ്വപ്നങ്ങളായ പുന്നെല്ലും.
ഓര്‍ക്കാപ്പുറത്ത് പ്യൂണ്‍ ആമിന താത്ത ഉപ്പുമാവിളക്കുന്ന തവികൊണ്ട് നീട്ടിയടിച്ച മണിമുഴക്കം കേട്ട് ചില മൊട്ട കുട്ടികള്‍ അപ്രതീക്ഷിതമായി കിട്ടിയ അവധിയുടെ സന്തോഷത്തില്‍ തുണിയഴിച്ച് തലയില്‍ കെട്ടിയത് പാടങ്ങള്‍ നീന്തി കടക്കുവാനുള്ള ഉറച്ച തീരുമാനത്തോടെ ആയിരുന്നു.
പെരുമഴ കഴിഞ്ഞു തോടു നിറഞ്ഞു കവിഞ്ഞപ്പോള്‍ പാടങ്ങളിലേക്കൊഴുകിയ കല്ലേരികളും, വെളുംമ്പാട്ടി പരലുകളും സ്കൂള്‍ കുട്ടികളുടെ പിന്നാലെ നീന്തി തുടിച്ചു. ഉപ്പുമാവുണ്ടാക്കുന്ന വലിയ കുട്ടകത്തില്‍ മാലതി ടീച്ചറെയും എന്നെയും തള്ളി കയറ്റി മുട്ടോളം വെള്ളത്തില്‍ നിന്ന്
ആമിനുതാത്ത ഉന്തി തള്ളി വിടുമ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, "..ഇഞ്ഞി ടീച്ചര്‍ ബരുമ്പം ചെമ്പട്ടീം കൊണ്ടരണം..ഇല്ലങ്കി ന്‍റെ പണീം പൊങ്ങം മൂടും.."
അക്കരെ കാത്തു നില്‍ക്കുന്ന പരമ്പു കുടകള്‍ക്കുള്ളിലെ ഒട്ടനേകം ഹൃദയങ്ങള്‍ തേങ്ങുന്നതു ഞാനും ടീച്ചറും ദൂരെ നിന്നേ കണ്ടു. തെച്ചിപൂത്ത മണവുമായി ഒരിക്കല്‍ കൂടി വാശിയോടെ കടന്നു പോയ കാറ്റ് നടുപാടത്തില്‍ ഞങളെ ഒന്നു വട്ടം കറക്കിയപ്പോള്‍ പേടിയോടെ മാലതി ടീച്ചറുടെ
മാറില്‍ ഞാന്‍ മുഖം പൂഴ്ത്തി. ഒരു കുലുക്കത്തോടെ മുന്നിലെ കൈത കുടുമ്പില്‍ തടഞ്ഞു നിന്ന കുട്ടകത്തെ നീന്തി വന്ന കുട്ടികള്‍ ശരിയാക്കുമ്പോഴും കൈതോലകളില്‍ കുരുങ്ങി നിന്ന നനഞ്ഞ കാച്ചിത്തട്ടം കണ്ടെന്‍റെ ഖല്‍ബു പിടച്ചു.
അപ്പോള്‍ അത് വഴി തന്‍റെ പതിനാലു വയസ്സുള്ള ബഷീറിനെ തോളിലിരുത്തി നീന്തി വരുന്ന കോമുകാക്ക വിളിച്ചു പറഞ്ഞു "..ടീച്ചറെ..ഞമ്മളെ കുല്‍സുമ്പിക്ക് ഇടി തട്ടി..." ഒരു ഞെട്ടലോടെ അത് കേട്ട ഞാനും ടീച്ചറും മുഖാമുഖം നോക്കിയിരുന്നു.
പാടം നിറഞ്ഞ പുഴയില്‍ കൊച്ചോളങ്ങള്‍ സൃഷ്ടിച്ചു പതിയെ കടന്നു പോയ കാറ്റിലെ പൂമണം ഞാനറിഞ്ഞില്ല. അങ്ങ് ദൂരെ കരിമ്പനയില്‍ കൂടുകൂട്ടിയ കിനാക്കിളികളുടെ നേര്‍ത്ത രോദനം ഞാന്‍ കേട്ടു..
കോമുകാക്കാന്‍റെ തോളിലിരുന്ന മന്തം ബഷീര്‍ , അപ്പോഴും രണ്ടു ദിവസം കഴിഞ്ഞു ഓത്തു പള്ളിയില്‍ വിളമ്പുന്ന കണ്ണൂത്തു കറിയുടെ സ്വാദോര്‍ത്തു ഊറി ചിരിക്കുന്നുണ്ടായിരുന്നു.



2014, നവംബർ 8, ശനിയാഴ്‌ച

കിളി വാതില്‍


ഓര്‍മ്മയുടെ ഓളങ്ങളില്‍


കൊഴിഞ്ഞു വീണ പൂക്കള്‍

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതി ഗള്‍ഫില്‍ ജാലകം മാസികയില്‍ പ്രസിദ്ധീകരിച്ച ചെറു കഥ

കാലങ്ങള്‍ക്കുമപ്പുറം

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

യാത്രയാവുന്നു ഞാന്‍


പണ്ട് ജിദ്ധ ഷറഫിയ്യയിലെ അങ്ങാടിയില്‍ മലയാളികള്‍ ഒത്തു കൂടിയിരുന്ന സ്ഥലത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ഈന്തപ്പന മരം ഉണ്ടായിരുന്നു. മലയാളികള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നതും, കത്തുകള്‍ കൈമാറിയിരുന്നതും 
അധികവും ഇതിനു ചുവട്ടില്‍ വെച്ചുതന്നെ. പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ട്‌ അറേബ്യയിലെ ഈ ഈന്തപനയ്ക്ക് നാവുണ്ടായിരുന്നുവെങ്കില്‍ മലയാളം സംസാരിക്കുമായിരുന്നു എന്ന്. ദൂരെ നിന്ന് വരുന്ന ആളുകള്‍ തന്റെ ചങ്ങാതിമാരോട്
അടയാളമായി നല്‍കിയിരുന്നതും ഈ പന തന്നെയായിരുന്നു. ( മച്ചോ.. ഞാന്‍ഷറഫിയ്യയിലെ പനയുടെ അടുത്തു കാത്തു നില്‍ക്കും..)
ഈ പനയുടെ തൊട്ടു മുന്നിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എന്നെ കാണാനായി ഒരു ദിവസം ശ്രീ. Usman Irumpuzhi യുടെ സഹോദരനും , എന്‍റെ ഡാഡിയുടെ പ്രിയപ്പെട്ട സുഹൃത്തുമായ ശ്രീ. വി.ഖാലിദ്‌ ഇക്ക വന്ന ഒരു ദിവസം സംസാരമദ്ധ്യേ..
തനിക്കു ചുറ്റും ഒരു പാടു സങ്കടങ്ങളും ദുഃഖങ്ങളും കേട്ടു വളര്‍ന്നതിനാല്‍ ഇടയ്ക്കു വെച്ച് വളര്‍ച്ച മുരടിച്ച ഈ പനയെ കുറിച്ചെഴുതിയാലെന്താ സുനീ..നിനക്ക്..എന്ന വാക്കുകള്‍ പ്രചോദനമായപ്പോള്‍ എഴുതിയ ചക്രം ഇന്‍ലന്‍ഡ്‌ മാഗസിനില്‍
പ്രസിദ്ധീകരിച്ച വരികളാണിത്.


2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

മെഡലുകള്‍ കഥ പറയുന്നു

പടിഞ്ഞാറു വശത്തെ തുറന്നിട്ട ജാലകത്തിലൂടെ വന്നൊളിച്ചു നോക്കിയ പൊന്‍കിരണങ്ങളെ നിറം മങ്ങിയ ചുവരില്‍ മടിയോടെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന മെഡലുകള്‍ കൊതിയോടെ മാടി വിളിച്ചു. അവധിക്കെത്തിയ പട്ടാളക്കാരന്‍റെ മുഖപടമണിഞ്ഞ മഗ്രിബ് സൂര്യന്‍ പൂമുഖ വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്ന പ്രിയതമ യോടെന്നവണ്ണം അവയെ വാരി പുണര്‍ന്നു. ഗോതമ്പിന്‍റെയും ക്ലാവിന്‍റെയും സമ്മിശ്ര നിറമുള്ള മെഡലുകളിലൂടെ നേര്‍ത്ത ഒരു സ്വര്‍ണ്ണ പ്രഭതെളിഞ്ഞു തുടുത്തപ്പോള്‍..അലഹ ബാദിലെ ത്രിവേണി സംഗമം.. ചതീസ് ഗടിലെ കെട്ടിടങ്ങള്‍ ..കാശ്മീര്‍ താഴ്വരകള്‍..
ചുവരില്‍ തൂങ്ങുന്ന മെഡലുകളിലും കണ്ണു നട്ട് പഴയ കാലങ്ങള്‍ അയവിറക്കുമ്പോഴായിരുന്നു സായാഹ്ന പ്രാര്‍ത്ഥനക്കുള്ള ബാങ്ക് വിളിയുടെ മുന്നോടിയായി മുക്രിയുടെ സാധകം രണ്ട് ഞൊട്ടലും കാറിയ ഒരു കുരയുമായി കാതുകളില്‍ വന്നലച്ചത്.
അരിപ്രാവുകള്‍ കൂട് കൂട്ടിയ പള്ളി മുനാരത്തിലെ തുരുമ്പു പിടിച്ച വലിയ കാളത്തിലൂടെ നമസ്കാരത്തിനുള്ള ഓര്‍മ്മപെടുത്തലുകള്‍ സുന്ദരമായ ഈണത്തില്‍ ഇമ്പത്തോടെ ഒഴുകി വന്നു. സര്‍വ്വ ശക്തനെ സ്മരിച്ച് മൂന്ന് പ്രാവശ്യം കുമ്പിട്ടതിന്‍റെ ക്ഷീണം ചൂരല്‍ കസേര ഏറ്റു വാങ്ങിയ സുഗത്തില്‍ ഇമകള്‍ പൂട്ടിയപ്പോഴും പച്ച നിറത്തിലുള്ള മുന്തിരി മുത്തുകള്‍ കൊരുത്ത ജപമാല ചാക്രിക പ്രവാഹം തുടര്‍ന്നു കൊണ്ടേയിരുന്നു.
ഭൂത കാലങ്ങളെയും തിരഞ്ഞു കൊണ്ട്..
ഓരോ മുന്തിരി മുത്തിലും എന്‍റെ വിരല്‍ സ്പര്‍ശമേല്‍ക്കുംമ്പോള്‍ എനിക്ക് ഓരോ വയസ്സും കുറയുന്നു, വാര്‍ദ്ധക്യത്തില്‍ നിന്ന് യൌവ്വനത്തിലേക്കും തുടര്‍ന്ന് കൌമാരത്തില്‍ നിന്നും ബാല്യത്തിലേക്കുമുള്ള പ്രയാണത്തിലെവിടെയോ വെച്ച് കയ്യിലെ ജപമാല ഊര്‍ന്നു വീണു. ഭൂത കാലത്തിലെ മൈതാനത്തില്‍ ഞാന്‍ ഓടി നടന്നു തിമിര്‍ത്തു. കയറൂരി വിട്ട കാള കൂറ്റനെ പോലെ.
ഞാനും ലോകവുമായുള്ള ബന്ധം മുന്തിരി മുത്തുകളില്‍ കൊരുക്ക പെട്ടതിനാല്‍ എന്‍റെ ബാല്യം അലഞ്ഞു തിരഞ്ഞു. കാവി തേച്ച സിമന്റു തറയില്‍ ചുരുണ്ട് കിടന്ന മാല എന്നിലെ ബാല മുഖം കണ്ട് നിര്‍വൃതി കൊണ്ടു.
ചുക്കി ചുളിഞ്ഞ മുഖം ബാല്യ കാലങ്ങളില്‍ പൂഴ്ത്തി വെച്ച് സ്വപനങ്ങള്‍ നെയ്തു കൂട്ടുന്നത്‌ ഇപ്പോള്‍ പാതിവായിരിക്കുന്നു. അതാണെനിക്കിഷ്ടവും. നേടിയെടുക്കാന്‍ കഴിയാത്തതൊക്കെ ഈ കനവുകളില്‍ ഞാന്‍ തിരയുകയാണ്. എന്തായാലും ഈ ബാലന്‍ പതിയെ സ്വപ്നങ്ങളില്‍ വളര്‍ന്നു വന്നു യുവാവാകുമ്പോള്‍ എന്തോ..ജവാന്റെ കുപ്പായം അണിയുന്നില്ല..
വീണ്ടുമൊരു ഇന്തോ-പാക് യുദ്ധത്തിനു മനസ്സ് സന്നദ്ധമാവാത്തതും.. ഇനിയും ദേശത്തിന് ബലിയര്‍പ്പിക്കാന്‍ കാലുകള്‍ തയ്യാറാവാത്തതുമാവാം കാരണം..


2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുണ്ടായിരുന്നു


കുട്ടികാലത്ത് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. വിമാനങ്ങള്‍ തലയ്ക്കു മുകളില്‍ പറന്നു പോയത്. ക്ലാസ്സില്‍ മേരികുട്ടി ടീച്ചറും മറ്റു കുട്ടികളും ഗുണഗണന പട്ടികയില്‍ തൂങ്ങിയാടുമ്പോള്‍ അടുത്തിരിക്കുന്ന കാസിമിനോട് വിമാനം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചിറകു വിടര്‍ത്തി പറന്നു പോയത് പറയുമ്പോള്‍ പട്ടാണികളുടെ നിറമുള്ള വെള്ള കാസിം ഉറപ്പിച്ചു പറഞ്ഞിരുന്നു '' ഇജ്ജ് പൈലറ്റാ കുമെടാ''...
എന്നോട് എത്ര വര്‍ത്തമാനം പറഞ്ഞിരുന്നാലും പരീക്ഷകളില്‍ എന്നും മുന്‍പന്തിയിലായിരുന്ന അവന്‍ പറഞ്ഞ വാക്കുകള്‍ പൊന്നായി കണ്ട ഞാന്‍ സ്വപ്നങ്ങളിലാകെ ചാരുത കൂട്ടി വിമാനം പറത്തി കൊണ്ടിരുന്നു.
കാലചക്രം തിരിഞ്ഞു. ഞാനുമെത്തി ഈ ഊഷരഭൂവില്‍. തലയ്ക്കു തൊട്ടു മുകളില്‍ പറക്കുന്നുണ്ട്‌ പലജാതി വിമാനങ്ങള്‍. ജിദ്ധയിലെ എയര്‍ പോര്‍ട്ട്‌ നടുത്തുള്ള റോസ് വില്ലേജ് എന്ന അമേരിക്കന്‍ കോമ്പൗണ്ടിലെ വേലി കള്‍ക്ക് സൂര്യന് തൊട്ടു താഴെ നിന്ന് വെള്ള നിറം പൂശുംമ്പോള്‍ , ഒരല്പ നേരം തലയ്ക്കു മുകളില്‍ നിഴല്‍ വിരിച്ചു നില്‍ക്കുന്ന വിമാനങ്ങളെ തല ഉയര്‍ത്തി നോക്കാറില്ലങ്കിലും പണ്ട് ക്ലാസ്സില്‍ ലാസ്റ്റ് ബെന്ഞ്ചില്‍
ഇരുന്ന് വെള്ള കാസിം പറഞ്ഞത് ചുട്ടു പൊള്ളുന്ന മനസ്സിലേക്കു പിന്നെയും ആവി പറത്തി മണല്‍ കാറ്റുയരുമ്പോള്‍ ഞാന്‍ വീണ്ടും കേള്‍ക്കാറുണ്ട് '' ഇജ്ജ് പൈലറ്റാ കുമെടാ''...


2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

അനര്‍ത്ഥം


സ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ കോളാമ്പി പൂ മരത്തിനു ചുവട്ടില്‍ ഞാനും അവളുമിരുന്നു. ഇടക്കെയ്പ്പോഴോ തുളുമ്പി വന്ന വിതുമ്പലുകള്‍ കണ്ട് നീണ്ട നഖങ്ങളാല്‍ കോറി കൊണ്ട് എന്നെ അവള്‍ സമാധാനിപ്പിച്ചു. ഒരു തണല്‍ കണ്ട ആശ്വാസത്തോടെ അവളോട്‌ കൂടുതല്‍ അടുത്തിരിക്കാന്‍ ഒരുങ്ങുമ്പോള്‍ അതിലെ വന്നെത്തി നോക്കിയ കണ്ടന്‍ പൂച്ചയുടെ പിന്നാലെ അവള്‍ എന്നില്‍ നിന്നും കുതറിയോടി............................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
..............................................................................................
എന്‍റെ കൊച്ചു കുറിഞ്ഞി പൂച്ച