2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

മെഡലുകള്‍ കഥ പറയുന്നു

പടിഞ്ഞാറു വശത്തെ തുറന്നിട്ട ജാലകത്തിലൂടെ വന്നൊളിച്ചു നോക്കിയ പൊന്‍കിരണങ്ങളെ നിറം മങ്ങിയ ചുവരില്‍ മടിയോടെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന മെഡലുകള്‍ കൊതിയോടെ മാടി വിളിച്ചു. അവധിക്കെത്തിയ പട്ടാളക്കാരന്‍റെ മുഖപടമണിഞ്ഞ മഗ്രിബ് സൂര്യന്‍ പൂമുഖ വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്ന പ്രിയതമ യോടെന്നവണ്ണം അവയെ വാരി പുണര്‍ന്നു. ഗോതമ്പിന്‍റെയും ക്ലാവിന്‍റെയും സമ്മിശ്ര നിറമുള്ള മെഡലുകളിലൂടെ നേര്‍ത്ത ഒരു സ്വര്‍ണ്ണ പ്രഭതെളിഞ്ഞു തുടുത്തപ്പോള്‍..അലഹ ബാദിലെ ത്രിവേണി സംഗമം.. ചതീസ് ഗടിലെ കെട്ടിടങ്ങള്‍ ..കാശ്മീര്‍ താഴ്വരകള്‍..
ചുവരില്‍ തൂങ്ങുന്ന മെഡലുകളിലും കണ്ണു നട്ട് പഴയ കാലങ്ങള്‍ അയവിറക്കുമ്പോഴായിരുന്നു സായാഹ്ന പ്രാര്‍ത്ഥനക്കുള്ള ബാങ്ക് വിളിയുടെ മുന്നോടിയായി മുക്രിയുടെ സാധകം രണ്ട് ഞൊട്ടലും കാറിയ ഒരു കുരയുമായി കാതുകളില്‍ വന്നലച്ചത്.
അരിപ്രാവുകള്‍ കൂട് കൂട്ടിയ പള്ളി മുനാരത്തിലെ തുരുമ്പു പിടിച്ച വലിയ കാളത്തിലൂടെ നമസ്കാരത്തിനുള്ള ഓര്‍മ്മപെടുത്തലുകള്‍ സുന്ദരമായ ഈണത്തില്‍ ഇമ്പത്തോടെ ഒഴുകി വന്നു. സര്‍വ്വ ശക്തനെ സ്മരിച്ച് മൂന്ന് പ്രാവശ്യം കുമ്പിട്ടതിന്‍റെ ക്ഷീണം ചൂരല്‍ കസേര ഏറ്റു വാങ്ങിയ സുഗത്തില്‍ ഇമകള്‍ പൂട്ടിയപ്പോഴും പച്ച നിറത്തിലുള്ള മുന്തിരി മുത്തുകള്‍ കൊരുത്ത ജപമാല ചാക്രിക പ്രവാഹം തുടര്‍ന്നു കൊണ്ടേയിരുന്നു.
ഭൂത കാലങ്ങളെയും തിരഞ്ഞു കൊണ്ട്..
ഓരോ മുന്തിരി മുത്തിലും എന്‍റെ വിരല്‍ സ്പര്‍ശമേല്‍ക്കുംമ്പോള്‍ എനിക്ക് ഓരോ വയസ്സും കുറയുന്നു, വാര്‍ദ്ധക്യത്തില്‍ നിന്ന് യൌവ്വനത്തിലേക്കും തുടര്‍ന്ന് കൌമാരത്തില്‍ നിന്നും ബാല്യത്തിലേക്കുമുള്ള പ്രയാണത്തിലെവിടെയോ വെച്ച് കയ്യിലെ ജപമാല ഊര്‍ന്നു വീണു. ഭൂത കാലത്തിലെ മൈതാനത്തില്‍ ഞാന്‍ ഓടി നടന്നു തിമിര്‍ത്തു. കയറൂരി വിട്ട കാള കൂറ്റനെ പോലെ.
ഞാനും ലോകവുമായുള്ള ബന്ധം മുന്തിരി മുത്തുകളില്‍ കൊരുക്ക പെട്ടതിനാല്‍ എന്‍റെ ബാല്യം അലഞ്ഞു തിരഞ്ഞു. കാവി തേച്ച സിമന്റു തറയില്‍ ചുരുണ്ട് കിടന്ന മാല എന്നിലെ ബാല മുഖം കണ്ട് നിര്‍വൃതി കൊണ്ടു.
ചുക്കി ചുളിഞ്ഞ മുഖം ബാല്യ കാലങ്ങളില്‍ പൂഴ്ത്തി വെച്ച് സ്വപനങ്ങള്‍ നെയ്തു കൂട്ടുന്നത്‌ ഇപ്പോള്‍ പാതിവായിരിക്കുന്നു. അതാണെനിക്കിഷ്ടവും. നേടിയെടുക്കാന്‍ കഴിയാത്തതൊക്കെ ഈ കനവുകളില്‍ ഞാന്‍ തിരയുകയാണ്. എന്തായാലും ഈ ബാലന്‍ പതിയെ സ്വപ്നങ്ങളില്‍ വളര്‍ന്നു വന്നു യുവാവാകുമ്പോള്‍ എന്തോ..ജവാന്റെ കുപ്പായം അണിയുന്നില്ല..
വീണ്ടുമൊരു ഇന്തോ-പാക് യുദ്ധത്തിനു മനസ്സ് സന്നദ്ധമാവാത്തതും.. ഇനിയും ദേശത്തിന് ബലിയര്‍പ്പിക്കാന്‍ കാലുകള്‍ തയ്യാറാവാത്തതുമാവാം കാരണം..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ