2014, നവംബർ 23, ഞായറാഴ്‌ച

കിനാക്കിളികള്‍ കൂടുകൂട്ടിയ കരിമ്പന

 ( പത്താം ക്ലാസ് കഴിഞ്ഞ ഉടനെ എഴുതിയതും, ആദ്യമായി അച്ചടി മഷി പുരണ്ടതുമായ എന്റെ കഥ )
---------------------------------------------------------------
കാലപഴക്കത്തിന്‍റെ കാളിമയില്‍ പിഞ്ഞിത്തുടങ്ങി കരിമ്പനയുടെ ഉയരങ്ങളില്‍ തൂങ്ങികിടക്കുന്ന കൂരിയാറ്റ കൂടുകളില്‍ നിന്നും കിനാക്കിളികളുടെ നേര്‍ത്ത രോദനം. താഴെ പാടവരമ്പിലൂടെ ചെരക്കാ പറമ്പില്‍ നിന്നും വിരുന്നെത്തിയ പഴുത്ത തെച്ചി പഴങ്ങളുടെ മണമുള്ള നേര്‍ത്തു പുളിക്കുന്ന കാറ്റ് തഴുകി കടന്നു പോയപ്പോള്‍ , മുന്നില്‍ കുടുക്കില്ലാത്ത കൊച്ചു നിക്കറിനുള്ളില്‍ കുളിര് നിറഞ്ഞു.
കലക്കവെള്ളത്തില്‍ നിന്നും ചെട്ടി മുണ്ടു കൊണ്ട് വെളുംമ്പാട്ടി പരലുകളെയും തുപ്പലം കൊത്തികളെയും കോരുന്ന കോമു കാക്കാന്‍റെ മകന്‍ മന്തം ബഷീറിനെയും കൂട്ടുകാരനെയും ശ്രദ്ധിക്കാനേ പോയില്ല.കൈതമുള്ളിന്‍റെ കാഠിന്യമറിയാതെ മുളമ്പാലത്തിലൂടെ കൈവരികളില്‍
പിടിച്ച് അങ്ങേ കരയിലേക്കു കാലുകുത്തുമ്പോള്‍ തൊട്ടു മുന്നില്‍ കുന്തിച്ചിരിക്കുന്ന രൂപത്തെ കണ്ട് ആദ്യമൊന്നു ഭയന്നു. മൂത്രശങ്ക തീര്‍ക്കുന്ന കുല്‍സുമ്പിത്തയാണതെന്നറിഞ്ഞപ്പോള്‍ ഞാന്‍ നാണത്തോടെ ഓടുകയായിരുന്നു. വഴുക്കലുള്ള പാടവരമ്പിലൂടെ വീഴാതെ ഓടിയടുക്കുംതോറും
റാകിപറക്കുന്ന ചെമ്പരന്തും തറ പറയും വ്യക്തമായും കേട്ടു തുടങ്ങി. ക്ലാസ് തുടങ്ങിയ വേവലാതിയോടെ അക്കരെ പുറത്തെ സ്കൂളിന്‍റെ പടി വാതില്‍ കടന്നിട്ടും പണിയാത്തിപെണ്ണുങ്ങളുടെ തോറ്റം പാട്ടിന്‍റെ ഈണത്തില്‍ മുങ്ങി എന്തോ സംതൃപ്തിയോടെ മുള്ളുന്ന കുല്‍സുമ്പിത്തയായിരുന്നു
മനം നിറയെ. എന്നെ കണ്ടപ്പോള്‍ ആ കടക്കണ്ണില്‍ ഒരു മാത്ര വിരിഞ്ഞിറങ്ങിയ വെറ്റില ച്ചിരിയും.
ചീനായി തുണിയുടുത്തു തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഏതാനും മൊട്ടകുട്ടികളും മാലതി ടീച്ചറും ഗുണഗണന പട്ടികയില്‍ തൂങ്ങിയാടുമ്പോഴും എന്‍റെ ബാല മനസ്സ് ചഞ്ചലമായിരുന്നു. '' കുട്ടിക്കെന്താ പറ്റ്യേ..? മാലതി ടീച്ചര്‍ വേദനിപ്പിക്കാതെ ചെവിയില്‍ നുള്ളിയപ്പോള്‍ ആ വാത്സല്യത്തിന്‍റെ ആഴത്തില്‍ എന്‍റെ മനസ്സു നനഞ്ഞു.
ചെരക്കാ പറമ്പിന്‍റെ തീരത്തെ പാടങ്ങള്‍ പലവട്ടം കൊയ്യുകയും മെതിക്കുകയും ചെയ്തു. കാലങ്ങളങ്ങിനെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അക്കരപുറത്തേക്കുള്ള ദിവസേനയുള്ള സ്കൂള്‍ യാത്രയില്‍ മുളമ്പാലം കടക്കുമ്പോള്‍ കുല്‍സുമ്പിത്ത പലവട്ടം കെണിയൊരുക്കി. അന്നേ ദിവസങ്ങളിലെല്ലാം
ക്ലാസു മുറിയില്‍ അന്തം വിട്ടിരിക്കുന്ന എന്നെ മാലതി ടീച്ചര്‍ നീണ്ടു മെലിഞ്ഞ വിരലുകള്‍ കൊണ്ട് ചെവിയില്‍ തടവിയുണര്‍ത്തി. തഴുകി വരുന്ന നേര്‍ത്ത തെച്ചി പൂങ്കാറ്റിനു താളമേകികൊണ്ട്.
അന്ന് , പ്രാര്‍ഥനാ ഗീതം കഴിഞ്ഞു ക്ലാസു തുടങ്ങിയതും സായാഹ്നം പോലെ മാനമിരുണ്ടു. ആദ്യത്തെ വെള്ളിടിയുടെ നാദത്തില്‍ മാലതി ടീച്ചറുടെ ഹാജര്‍ പട്ടിക കയ്യിലിരുന്നു വിറച്ചു. ചുവന്ന അരഞ്ഞാണിനിടയിലേക്ക് തുണിയുടെ കോന്തല മുറുക്കി തിരുകുമ്പോള്‍ വീണ്ടും കേട്ട ഇടിയുടെ ഘോര നാദത്തില്‍ സുവര്‍ണ്ണ കരയുള്ള എന്‍റെ തുണിയുരിഞ്ഞു വീണത്‌ കണ്ട് കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
പിന്നെ പെയ്ത മഴയില്‍ കടപുഴകിയ കൈത കാടുകള്‍ ഒഴുകി വന്ന് മുളമ്പാലത്തില്‍ അല്‍പ്പ നേരം തടഞ്ഞു നിന്ന് ഒന്ന് മുങ്ങി പൊങ്ങിയ ശേഷം പാലവും തകര്‍ത്ത് ഒഴുകി നീങ്ങി. കൂടെ ഒരായിരം കര്‍ഷക സ്വപ്നങ്ങളായ പുന്നെല്ലും.
ഓര്‍ക്കാപ്പുറത്ത് പ്യൂണ്‍ ആമിന താത്ത ഉപ്പുമാവിളക്കുന്ന തവികൊണ്ട് നീട്ടിയടിച്ച മണിമുഴക്കം കേട്ട് ചില മൊട്ട കുട്ടികള്‍ അപ്രതീക്ഷിതമായി കിട്ടിയ അവധിയുടെ സന്തോഷത്തില്‍ തുണിയഴിച്ച് തലയില്‍ കെട്ടിയത് പാടങ്ങള്‍ നീന്തി കടക്കുവാനുള്ള ഉറച്ച തീരുമാനത്തോടെ ആയിരുന്നു.
പെരുമഴ കഴിഞ്ഞു തോടു നിറഞ്ഞു കവിഞ്ഞപ്പോള്‍ പാടങ്ങളിലേക്കൊഴുകിയ കല്ലേരികളും, വെളുംമ്പാട്ടി പരലുകളും സ്കൂള്‍ കുട്ടികളുടെ പിന്നാലെ നീന്തി തുടിച്ചു. ഉപ്പുമാവുണ്ടാക്കുന്ന വലിയ കുട്ടകത്തില്‍ മാലതി ടീച്ചറെയും എന്നെയും തള്ളി കയറ്റി മുട്ടോളം വെള്ളത്തില്‍ നിന്ന്
ആമിനുതാത്ത ഉന്തി തള്ളി വിടുമ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, "..ഇഞ്ഞി ടീച്ചര്‍ ബരുമ്പം ചെമ്പട്ടീം കൊണ്ടരണം..ഇല്ലങ്കി ന്‍റെ പണീം പൊങ്ങം മൂടും.."
അക്കരെ കാത്തു നില്‍ക്കുന്ന പരമ്പു കുടകള്‍ക്കുള്ളിലെ ഒട്ടനേകം ഹൃദയങ്ങള്‍ തേങ്ങുന്നതു ഞാനും ടീച്ചറും ദൂരെ നിന്നേ കണ്ടു. തെച്ചിപൂത്ത മണവുമായി ഒരിക്കല്‍ കൂടി വാശിയോടെ കടന്നു പോയ കാറ്റ് നടുപാടത്തില്‍ ഞങളെ ഒന്നു വട്ടം കറക്കിയപ്പോള്‍ പേടിയോടെ മാലതി ടീച്ചറുടെ
മാറില്‍ ഞാന്‍ മുഖം പൂഴ്ത്തി. ഒരു കുലുക്കത്തോടെ മുന്നിലെ കൈത കുടുമ്പില്‍ തടഞ്ഞു നിന്ന കുട്ടകത്തെ നീന്തി വന്ന കുട്ടികള്‍ ശരിയാക്കുമ്പോഴും കൈതോലകളില്‍ കുരുങ്ങി നിന്ന നനഞ്ഞ കാച്ചിത്തട്ടം കണ്ടെന്‍റെ ഖല്‍ബു പിടച്ചു.
അപ്പോള്‍ അത് വഴി തന്‍റെ പതിനാലു വയസ്സുള്ള ബഷീറിനെ തോളിലിരുത്തി നീന്തി വരുന്ന കോമുകാക്ക വിളിച്ചു പറഞ്ഞു "..ടീച്ചറെ..ഞമ്മളെ കുല്‍സുമ്പിക്ക് ഇടി തട്ടി..." ഒരു ഞെട്ടലോടെ അത് കേട്ട ഞാനും ടീച്ചറും മുഖാമുഖം നോക്കിയിരുന്നു.
പാടം നിറഞ്ഞ പുഴയില്‍ കൊച്ചോളങ്ങള്‍ സൃഷ്ടിച്ചു പതിയെ കടന്നു പോയ കാറ്റിലെ പൂമണം ഞാനറിഞ്ഞില്ല. അങ്ങ് ദൂരെ കരിമ്പനയില്‍ കൂടുകൂട്ടിയ കിനാക്കിളികളുടെ നേര്‍ത്ത രോദനം ഞാന്‍ കേട്ടു..
കോമുകാക്കാന്‍റെ തോളിലിരുന്ന മന്തം ബഷീര്‍ , അപ്പോഴും രണ്ടു ദിവസം കഴിഞ്ഞു ഓത്തു പള്ളിയില്‍ വിളമ്പുന്ന കണ്ണൂത്തു കറിയുടെ സ്വാദോര്‍ത്തു ഊറി ചിരിക്കുന്നുണ്ടായിരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ