2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഓര്‍മ്മകളേ...


ഇര വിഴുങ്ങിയ പാമ്പിനെ
പോലെ വയര്‍ വീര്‍ത്തൊരു
ബസ്സുണ്ടായിരുന്നു പണ്ടു
സ്കൂളിലേക്ക് പോവാന്‍..
കിളി മുതല്‍ ഡ്രൈവര്‍ വരെ
വയ്യസ്സന്മാര്‍..

മുക്കിനു മുക്കിനു നിര്‍ത്തി
ആളെ കയറ്റി ഇഴഞ്ഞു
നീങ്ങുന്ന അതില്‍ നിന്നും
സ്കൂള്‍ എത്തുന്നവരെ
ആരും ഇറങ്ങുന്നത് കണ്ടിട്ടില്ല
തിങ്ങി ഞെരുങ്ങി യാത്ര
ചെയ്യുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍
കമ്പിയില്‍ പിടിക്കാതെ
കലപില കൂട്ടി
ചിലച്ചും ..ചിരിച്ചും ..

തന്ത സി ആര്‍ എല്‍ എന്ന്
കുട്ടികള്‍ ഓമന പേരില്‍
വിളിച്ചിരുന്ന ആ വണ്ടിയുടെ
തൊട്ടു പിന്നാലെ വരുന്ന
ക്ലാസ്സിക്കും , പുലരിയും
തടത്തിലെ വളവില്‍ വെച്ച്
ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തു
കടന്നു പോവുമ്പോള്‍
ആ ബസ്സുകളില്‍ കയറി കൂടിയ
സാമര്‍ത്ഥ്യമുള്ള കുട്ടികള്‍
ഇങ്ങോട്ടും നോക്കിയുള്ള
ഒരു കളിയാക്കി ചിരിയുണ്ട്..
മനസ്സില്‍ അപ്പോള്‍ തോന്നുന്ന
ഒരു ഈര്‍ഷ്യയുണ്ട്..

അന്ന്, ഉറക്കത്തില്‍
ഓട്ടത്തിലും ചാട്ടത്തിലും
യുവജനോല്‍സവത്തിലും
പഠിപ്പിലും അവരെ
മാറി മാറി തോല്‍പ്പിച്ച്
പല പല കിനാവുകളില്‍
ഞാന്‍ വിജയിച്ചിരുന്നു..

Copyright © Suneerali Ali - 10-14- 2015



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ