2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

സൂപ്പര്‍ മൂണ്‍ പ്രതിഭാസവും.. എഫ് ബി കുട്ടനും


രാവിലെ മുതലാണ്‌ വാര്‍ത്ത എഫ് ബി കുട്ടന്‍ സീരിയസ് ആയി ശ്രദ്ധിക്കാന്‍ തുടങ്ങിയത് . എവിടെ തിരിഞ്ഞാലും സൂപ്പര്‍ മൂണ്‍ മാത്രം. ചായ കുടിക്കാന്‍ നാട്ടുകാരനായ മൊയ്ദീന്‍ക്കാന്റെ ബൂഫിയയില്‍ ചെന്ന് ജാം പുരട്ടിയ sandwich ചോതിച്ചപ്പോഴേ പെപ്സി ബോട്ടില്‍ ഫ്രിഡ്ജില്‍ അടുക്കി വെക്കുന്ന മൊയ്ദീന്‍ക്കാന്റെമോന്‍ വിളിച്ചു പറഞ്ഞു.. 'കാര്യമായി വല്ലോം തിന്നോളിന്‍ സൂപ്പര്‍ മൂണാ വരാന്‍ പോവുന്നത്. ചില്ലറ കളിയല്ല. നാളെ നമ്മള് കാണോ ന്നു ഒരു പിടിയും ഇല്ലാ'ന്ന് പറഞ്ഞു പേടിപ്പിച്ചു അവന്‍ തന്റെ ജോലി തുടര്‍ന്നു. പിന്നെന്തിനാണ് ഈ പഹയന്‍ ഇതൊക്കെ അടുക്കി വെക്കുന്നത് എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അവന്‍ പറഞ്ഞത് ചങ്കില്‍ കൊണ്ടതിനാല്‍ sandwich തൊണ്ടയില്‍ അങ്ങിനെ കുരുങ്ങി കിടന്നു.
എന്താണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം .. ഒരു മണിക്കൂര്‍ 12 മിനുട്ട് ചന്ദ്രന്‍ ഭൂമിക്കു തൊട്ടരികില്‍ ഉണ്ടാവുന്ന നേരം ! ! ! ഭൂമിയുടെ ഏറ്റവും അടുത്ത് ചന്ദ്രനും ഭൂമിയും സൂര്യനും ഒരേ നേര്‍ രേഖയില്‍ ! ! ലോകാവസാനം വരെ പ്രതീക്ഷിക്കുന്നുവത്രേ ചിലര്‍ ! എന്ന ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി ഡോട്ട് കോമിലെ വാര്‍ത്തയും കൂടി വായിച്ചപ്പോള്‍ മുതല്‍ പുറത്തേക്ക് ഉന്തിയ കണ്ണുമായാണ് രാത്രി ബത്തയിലേക്കുള്ള ബസ്സില്‍ കയറിയത്. സൈഡ് സീറ്റ് തന്റെ വീക്നെസ്സ് ആയതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന സൈഡ് സീറ്റ് കണ്ട് ആ സിറ്റുവേഷനില്‍ അല്പം ആശ്വാസം തോന്നി. ബത്തയിലേക്ക് ഇനിയും ദൂരം ഉള്ളതിനാല്‍ ബോറടിയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ രാവിലെ പോസ്ടിയ കവിതക്ക് എത്ര ലൈക്ക് കിട്ടി എന്നറിയാന്‍ ഫോണില്‍ ആകാംക്ഷയോടെ എഫ് ബി ലോഗിന്‍ ചെയ്തു.
മണിക്കൂറുകള്‍ക്കുള്ളില്‍ ലോകാവസാനം വരെ സംഭവിക്കാന്‍ സാധ്യതയുള്ള സൂപ്പര്‍ മൂണ്‍ ലുങ്കി ന്യൂസുകള്‍ എഫ് ബിയില്‍ സുനാമിയായി തന്‍റെ കവിതകളെ മുക്കി കൊല്ലുന്നത് വേദന പൂര്‍വ്വം എഫ് ബി കുട്ടന്‍ നിറയുന്ന കണ്ണുകളോടെ നോക്കി.
തന്‍റെ കവിത ഒരു ശ്രദ്ധയും നേടാതെ കച്ചം പുച്ഛം മുക്കി കളഞ്ഞ ചന്ദ്രനെ ദേശ്യത്തോടെ ആകാശത്തേക്ക് നോക്കിയ എഫ് ബി കുട്ടന്‍ അമ്പരുന്നു. അതാ അവിടെ.. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ മൂണ്‍... അതെ ചുവപ്പ് നിറത്തില്‍ !!
തൊട്ടടുത്തിരിന്നു നാട്ടിലേക്ക് ഫോണ്‍ ചെയ്തു ഉച്ചത്തില്‍ സംസാരിക്കുന്ന പാക്കിസ്ഥാനിയെ തോണ്ടി വിളിച്ചു സൂപ്പര്‍ മൂണ്‍.. സൂപ്പര്‍ മൂണ്‍... എന്ന് പറഞ്ഞപ്പോള്‍ ശല്യം സഹിക്കാന്‍ വയ്യാതെ ' ചുപ്പ് ' എന്ന് പറഞ്ഞ പാകിസ്ഥാനിയോട് എഫ് ബി കുട്ടന്‍ പറഞ്ഞു.. യെസ് യെസ് 'ചോപ്പ് ' തന്നെ.!
ഉം കളര്‍ വരെ പഹയന്‍മാര്‍ മലയാളത്തില്‍ പറയാന്‍ പഠിച്ചു എന്ന് മനസ്സില്‍ പറഞ്ഞ് ..ഓടി കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും മൊബൈലില്‍ സൂപ്പര്‍ മൂണ്‍ ന്‍റെ പടം ക്യാമറയില്‍ പകര്‍ത്തി. തന്‍റെ കവിത മുക്കിയ നിന്നെ വെച്ച് തന്നെ ഞാന്‍ ലൈക്കുകള്‍ തിരിച്ചു പിടിക്കുമെന്ന് ചന്ദ്രനെ ഫോക്കസ് ചെയ്യുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.
എന്തായാലും ലോകം അവസാനിച്ചില്ലല്ലോ എന്നൊരു സമാധാനത്തോടെ നാളെ ഫെയ്സ് ബുക്കില്‍ ലൈക്കുകള്‍ വാരി കൂട്ടുന്ന പോസ്ടിനൊരു കാപ്ഷന്‍ മനസ്സില്‍ തയ്യാറാക്കാന്‍ തല പുകച്ചു. 'ബസ്സില്‍ നിന്നൊരു സൂപ്പര്‍ മൂണ്‍ ദൃശ്യം ..' 'ലോകമവസാനിച്ചില്ല..'. 'ആപ്പിള്‍ പോലൊരു ചന്ദ്രന്‍..' അങ്ങിനെ നൂറായിരം കാപ്ഷന്‍ മനസ്സില്‍ തിങ്ങി വിങ്ങുമ്പോഴാണ് 'ഒരു സൂപ്പര്‍ മൂണ്‍ സെല്‍ഫി' എന്ന ആശയം മനസ്സില്‍ മുളച്ചത്. ക്യാമറയുമായി ചെരിഞ്ഞു നിന്ന് ഓടി കൊണ്ടിരുന്ന ബസ്സില്‍ നിന്നും ചന്ദ്രനുമൊത്തൊരു സെല്‍ഫിക്കായി സൗകര്യം ഒരുക്കാനായി സൈഡ്‌ ഗ്ലാസ് നീക്കി മാനത്തേക്ക് നോക്കിയ എഫ് ബി കുട്ടന്‍ അന്തിച്ചു പോയി. ദാണ്ടേ നമ്മുടെ ചന്ദ്രേട്ടന്‍ നാടന്‍ വേഷത്തില്‍ പാല്‍ പുഞ്ചിരി പൊഴിച്ച്... സംശയം തീര്‍ക്കാന്‍ വേണ്ടി സൈഡ്‌ ഗ്ലാസ് പഴയ പോലെ തിരിച്ചു നീക്കി വെച്ചു.. പിന്നേം തള്ളി നീക്കി .. രണ്ടു മൂന്ന് തവണ ഇതാവര്‍ത്തിച്ചപ്പോള്‍ അടുത്തിരുന്ന പാകിസ്ഥാനി 'പാഗല്‍ ' എന്നും പതിയെ പറഞ്ഞു കാലിയായ സീറ്റ് തേടി മുന്നിലേക്ക്‌ പോയി.
എഫ് ബി കുട്ടനു കരച്ചിലും സങ്കടവും ദേഷ്യവും വന്ന ആ അപൂര്‍വ്വ നിമിഷത്തില്‍ തന്നെ പറ്റിച്ച സൈഡ്‌ ഗ്ലാസിലെ ബ്രൌണ്‍ കൂളിംഗ്‌ പേപ്പര്‍ താന്‍ ഇറങ്ങുന്ന ബത്തയില്‍ എത്തും മുന്നേ പോക്കെറ്റില്‍ കിടന്ന അമ്പത് തുട്ടു കൊണ്ട് കച്ചം പുച്ഛം ചുരണ്ടി കീറിയിരുന്നു.
തിരിച്ചു റൂമില്‍ എത്തി ചൂടോടെ ആ ചിത്രങ്ങള്‍ എനിക്ക് വാട്ട്‌സപ്പില്‍ സെന്‍റ് ചെയുമ്പോള്‍ ഒരു അഭ്യര്‍ഥനയെ എഫ് ബി കുട്ടനു ഉണ്ടായിരുന്നുള്ളൂ... പ്ലീസ്‌ ഇതാരോടും പറയരുതെന്ന്. അത് കൊണ്ട് ഈ കാര്യം ഞാന്‍ പറഞ്ഞിട്ടുമില്ല നിങ്ങള്‍ അറിഞ്ഞിട്ടുമില്ല.


-----------------------------
സുനീര്‍ അലി അരിപ്ര
-----------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ